സ്വന്തം ലേഖകന്‍

കൊച്ചി: സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കാതെ സിനിമ സംവിധായകനും നിര്‍മാതാവും വഞ്ചിച്ചുവെന്ന ആരോപണവുമായി ദേശീയ അവാര്‍ഡ് ജേതാവായ
ബാലതാരം ഗൗരവ് മേനോന്‍. കോലുമിട്ടായി എന്ന ചിത്രത്തില്‍ മുഖ്യവേഷം അവതരിപ്പിച്ചതിനാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും ബാലതാരങ്ങളെ ചൂഷണം ചെയ്യാനാണ് ശ്രമിച്ചതെന്നും ഗൗരവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏറ്റവും മികച്ച കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അരുണ്‍ വിശ്വം സംവിധാനം ചെയ്ത ചിത്രം ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഭിജിത് അശോകനാണ് നിര്‍മിച്ചത്. ചിത്രത്തിന് മുമ്പുള്ള കരാറില്‍ പ്രതിഫലമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നെങ്കിലും തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോള്‍ കാശില്ലെന്നും സിനിമക്ക് ശേഷം പ്രതിഫലം തരാമെന്നായിരുന്നു സംവിധായകനും നിര്‍മാതാവും അറിയിച്ചിരുന്നത്. ഇത് വിശ്വസിച്ചാണ് സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത്. കടുത്ത വെയിലില്‍ മേക്കപ്പ് പോലുമില്ലാതെയായിരുന്നു ഷൂട്ടിങ്. മൂന്നു മാസത്തേക്കാണ് ഷൂട്ടിങ് നിശ്ചയിച്ചിരുന്നതെങ്കിലും ഇത് ആറു മാസത്തോളം നീണ്ടു. ഇതിനിടയില്‍ ക്ലാസുകളും ഒന്ന് രണ്ട് സിനിമകളും ഒഴിവാക്കേണ്ടി വന്നു.

ചിത്രത്തിന് ശേഷം പ്രതിഫലത്തിനായി സമീപിച്ചപ്പോള്‍ സാറ്റലൈറ്റ് അവകാശം കിട്ടിയതിന് ശേഷം തരാമെന്നായിരുന്നു അണിയറ പ്രവര്‍ത്തരുടെ ഉറപ്പ്. ഇതിനിടെ നിര്‍മാതാവ് വീട്ടിലെത്തി സാറ്റലൈറ്റ് അവകാശം കിട്ടാന്‍ ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സിനിമയുടെ കാര്യത്തിനായാല്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. ബാലതാരം ആദിഷും കൂടെയുണ്ടായിരുന്നു. ‘എന്നാല്‍ സ്‌റ്റേജ് ഷോയുടെ പേരില്‍ വേറൊരു പരിപാടിയുടെ പ്രമോഷന് വേണ്ടിയാണ് തങ്ങളെ കൊണ്ടുപോയതെന്നും കബളിപ്പിക്കപ്പെട്ടെന്നും ചെന്നൈയിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഭക്ഷണത്തിനുള്ള സൗകര്യം പോലും ഇവിടെ ഉണ്ടായിരുന്നില്ല’; ഗൗരവ് മേനോന്‍ .

ഇതിനിടെ സിനിമക്ക് സാറ്റലൈറ്റ് അവകാശം കിട്ടിയെങ്കിലും പ്രതിഫലം നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഐ.ജി വഴി സിറ്റി പൊലീസില്‍ പരാതി നല്‍കിയെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാല്‍ ഇതിന് ബലം കിട്ടിയില്ല.
ഈ ചിത്രത്തിനായി നിരവധി കുട്ടികളെ ഓഡിഷന് ക്ഷണിച്ചിരുന്നു. ഓരോരുത്തരില്‍ നിന്നും 150 രൂപ ഫീസായി ഈടാക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ സിനിമ പ്രവര്‍ത്തകര്‍ തയ്യാറായില്ല, മാത്രമല്ല, ഓഡിഷനില്‍ പങ്കെടുത്ത ഒരാളെ മാത്രമാണ് സിനിമയില്‍ അഭിനയിപ്പിച്ചത്. മറ്റുള്ള താരങ്ങളെല്ലാം പുറത്ത് നിന്നുള്ളവരായിരുന്നു. മോശമായ അനുഭവമാണ് ഈ സിനിമ വഴി ഉണ്ടായതെന്നും ഇത്തരം ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് ആഗ്രഹമുള്ളതിനാലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും ഗൗരവ് പറഞ്ഞു.

ബാലതാരങ്ങളെ ചൂഷണം ചെയ്യുകയാണ് സിനിമയിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്നും പ്രതിഫലം ചോദിച്ചതിന്റെ പേരില്‍ സംവിധായകന്‍ ഗൗരവിനെതിരെ സിനിമ മേഖലയില്‍ കുപ്രചാരണം നടത്തുകയാണെന്നും മാതാവ് ജയ മേനോന്‍ ആരോപിച്ചു. ഇത്തരം ചൂഷണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചലചിത്ര വികസന കോര്‍പറേഷന്‍ അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.