മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കര്‍ണാടക പോലീസ് പിടികൂടി. കര്‍ണാടക വിജയപുര സ്വദേശി പരശുറാം വാഗ്മോറെ(26)യെ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഗൗരി ലങ്കേഷിനു നേര്‍ക്ക് വെടിയുതിര്‍ത്തത് വാഗ്മോറെയാണെന്നാണ് പോലീസ് കണ്ടെത്തല്‍. കര്‍ണാടക പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഗൗരി ലങ്കേഷന്റെ വീടിനു മുന്നിലെ സിസിടിവിയിലെ ദൃശ്യള്‍ ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാഗ്മോറെ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

ഇയാളെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്.ഐ.ടി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. 2017 സെപ്റ്റംബര്‍ അഞ്ചിനാണു ബെംഗളൂരുവിലെ വീടിനുമുന്നില്‍വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിക്കുന്നത്. കേസില്‍ ഗുണ്ടാ നേതാവ് സുചിത് കുമാര്‍, ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെ.ടി. നവീന്‍കുമാര്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.