ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.

ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ കവി ജാവേദ് അക്തര്‍, അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതില്‍നിന്ന് പരാതിക്കാരെ തടയണമെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യവും കോടതി തള്ളി.

ബേദി കമ്മിറ്റിയുടെ 11ാമത്തെയും അവസാനത്തേതുമായ അന്വേഷണ റിപ്പോര്‍ട്ട് 2018 ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.കേസിലെ കക്ഷികളെക്കുറിച്ചും ഇരകളെക്കുറിച്ചുമുള്ള മുന്‍വിധിയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു ബെഞ്ച് മുമ്പാകെ ഹാജരായിക്കൊണ്ടിരിക്കുന്നതിനാല്‍ കേസ് മാറ്റിവെക്കണമെന്നാണ് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ രജത് നായര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി. തുടര്‍ന്ന് ഇന്നലെ തന്നെ കേസ് പരിഗണിക്കുകയായിരുന്നു. താങ്കള്‍ ആരാണെന്നായിരുന്നു ഗുജറാത്ത് സ്റ്റാന്റിങ് കോണ്‍സലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ ആദ്യ ചോദ്യം. ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകനാണെന്ന് മറുപടി നല്‍കിയപ്പോള്‍ താങ്കളുടെ താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. റിട്ട. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ ബേദി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഉപസംഹാരം സ്വീകരിക്കാന്‍ കഴിയണമെന്നില്ല. റിപ്പോര്‍ട്ട് ഞങ്ങള്‍ സ്വീകരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. കേസിലെ കക്ഷികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് പറഞ്ഞത്. പകര്‍പ്പ് ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

225 പേജ് വരുന്നതാണ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്ന് അറിയില്ല. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ട് സ്വീകരിക്കണോ തള്ളണോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നേരത്തെയുള്ള ഉത്തരവു പ്രകാരമാണ് നിങ്ങള്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ചോദിക്കുമ്പോഴൊക്കെ കേസ് പിന്നീട് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് സ്വീകാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.

പ്രതികളാകാന്‍ സാധ്യതയുള്ളവര്‍ക്കു വേണ്ടിയെന്ന പേരില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും കക്ഷികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറുന്നതിനെ എതിര്‍ത്തു. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസില്‍ ഉള്‍പ്പെട്ട ചിലരുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളും വസ്തുതാപരമായ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ബേദി കമ്മിറ്റി റിപ്പോര്‍ട്ട്. വിചാരണക്കോടതിയാണ് റിപ്പോര്‍ട്ട് പരിഗണിക്കേണ്ടത്. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടാല്‍ വിവരങ്ങള്‍ വെളിച്ചത്തു വരുന്നതിനും കേസിനെക്കുറിച്ച് മുന്‍വിധികള്‍ രൂപപ്പെടുന്നതിനും വഴിയൊരുക്കുമെന്ന് ദ്വിവേദി ആരോപിച്ചു. എന്നാല്‍ കേസെടുക്കാന്‍ സുപ്രീംകോടതി തന്നെ നേരിട്ട് റിപ്പോര്‍ട്ട് കീഴ്‌ക്കോടതിക്ക് അയച്ചു കൊടുക്കണോ എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

നേരത്തെ കേസ് പരിഗണിക്കവെ തന്നെ റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയെ ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. മോണിട്ടറിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇതേതുടര്‍ന്ന് ജസ്റ്റിസ് ബേദിയോട് സുപ്രീംകോടതി നിലപാട് എഴുതി അറിയിക്കാന്‍ നിര്‍ദേശിച്ചു. 2012ലെ സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് ജസ്റ്റിസ് ബേദി സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നതെന്നും റിട്ട. ജഡ്ജിന്റെ വാക്കുകളെ വിശ്വാസത്തില്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.