അഹമ്മദാബാദ്: ഗുജറാത്തില്‍ ഗോശാലയില്‍ കോവിഡ് ചികിത്സാ കേന്ദ്രം. ഗോമൂത്രവും പശുവിന്‍ പാലും നെയ്യും വരെ കോവിഡ് പ്രതിരോധ മരുന്നായി നല്‍കിയാണ് ഇവിടെ ചികിത്സ നടത്തുന്നത്.
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് ‘വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസൊലേഷന്‍ സെന്റര്‍’ എന്ന പേരില്‍ ഗോശാലയില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഏഴ് കോവിഡ് രോഗികളാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളത്. രാജാറാം ഗോശാല ആശ്രമത്തിനു കീഴില്‍ മെയ് അഞ്ച് മുതലാണ് കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഗോശാലയിലെ കോവിഡ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. പാലില്‍നിന്നും ഗോമൂത്രത്തില്‍നിന്നും നിര്‍മിക്കുന്ന എട്ട് മരുന്നുകളാണ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത്. രോഗികളുടെ പരിചരണത്തിന് രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനമുണ്ടെന്നാണ് പറയുന്നത്. രോഗികള്‍ ആവശ്യപ്പെട്ടാല്‍ രണ്ട് എംബിബിഎസ് ഡോക്ടര്‍മാരുടെയും സഹായവും ലഭ്യമാക്കുമെന്നും പറയുന്നു. കോവിഡ് രോഗികള്‍ക്കായി പഞ്ജഗവ്യ ആയുര്‍വേദ തെറാപ്പിക്ക് പുറമെ, ഗോമൂത്രത്തില്‍ നിന്നുള്ള ‘ഗോ തീര്‍ത്ഥ’വും ചികിത്സയുടെ ഭാഗമായി നല്‍കുന്നുണ്ട്.

5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്. ഗോമൂത്രവും ചാണകവും കോവിഡ് പ്രതിരോധത്തിന് ഉപകാരപ്രദമാണെന്ന് ഹിന്ദുത്വവാദികള്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ ഇവര്‍ പലയിടത്തും നേരത്തെ ഗോമൂത്രം വിതരണം ചെയ്ത് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതേസമയം ഗുജറാത്തില്‍ വലിയ തോതിതാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണുള്ളത്.