അഹമ്മദാബാദ് : ഗുജറാത്ത്  തെരഞ്ഞെടുപ്പ് ശനിയാഴ്ച തുടങ്ങുമെന്നിരിക്കെ
ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് അഭിമാന പോരാട്ടമാണ്. നോട്ടുനിരോധവും ജി.എസ്.ടിക്കുമെതിരെ ഗുജാറാത്തിലെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍.

അതേസമയം ഹാര്‍ദിക് പട്ടേലിന്റെയും ജിഗ്‌നേഷ് മേവാനിയുടെയും പിന്തുണയുള്ള കോണ്‍ഗ്രസ് ഗുജറാത്തില്‍ മുന്നേറുമെന്ന് അവസാന സര്‍വേ ഫലങ്ങള്‍ പ്രവചിരുന്നു.182 അംഗ സഭയില്‍ 2012-ല്‍ ബി.ജെ.പി.ക്ക് 115-ഉം കോണ്‍ഗ്രസിന് 61-ഉം സീറ്റുകളാണ് കിട്ടിയത്. ഡിസംബര്‍ ഒമ്പതിനും 14-നുമായി രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനായി ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേ പ്രകാരം 59 ശതമാനം വോട്ടുകള്‍ ബിജെപി നേടുമെന്നായിരുന്നു കണ്ടെത്തല്‍, എന്നാല്‍ പുതിയ സര്‍വേയില്‍ ഇത് 43 ആയി കുറഞ്ഞത് സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.