ഹാദിയ കേസിലെ സുപ്രിം കോടതി വിധിയില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എംഎല്‍എ. എനിക്കിന്ന്‌നോമ്പില്ല പ്രാര്‍ത്ഥനയുമില്ല. ഓരോ പൗരന്റെയും വ്യക്തിസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്ന ഇന്ത്യയുടെ മതേതര ജനാധിപത്യത്തിനൊപ്പം, ഭരണഘടനക്കൊപ്പം, അതിനൊപ്പം മാത്രം എന്നാണ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വി.ടി ബല്‍റാം കുറിച്ചത്.

ഹാദിയ കേസില്‍ നിര്‍ണായകമായ ഇടപെടലാണ് സുപ്രീംകോടതി നടത്തിയത്. ഹാദിയയെ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് മോചിതയാക്കി. അച്ഛന്റെ സംരക്ഷണത്തില്‍ കഴിയാന്‍ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ ഹാദിയയെ, ഇടയ്ക്കു വെച്ച് മുടങ്ങിയ ഹോമിയോപ്പതി പഠനം തുടരാനും കോടതി അനുവദിച്ചു. തമിഴ്‌നാട് സേലത്തെ ശിവരാജ് മെഡിക്കല്‍ കോളജില്‍ ബി.എച്ച്.എം.എസ് ഹൗസ് സര്‍ജി പഠനം പുനരാരംഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. പഠനക്കാലയളവില്‍ ഹാദിയയുടെ രക്ഷാകര്‍ത്താവായി കോളജ് ഡീനിനെ നിയോഗിച്ചിട്ടുണ്ട്.

താമസത്തിന് കോളജിലെ ഹോസ്റ്റല്‍ സൗകര്യം നല്‍കണം, പഠനക്കാലയളവിലെ സുരക്ഷാ ചുമതല കേരള-തമിഴ്‌നാട് പൊലീസ് വഹിക്കണം, കേരളാ സര്‍ക്കാര്‍ ഹാദിയയെ കോളജില്‍ എത്തിക്കണം എന്നീ നിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഹാദിയയെ ഭര്‍ത്താവ് ഷഫിന്‍ ജഹാന് ഒപ്പമോ, അച്ഛന്‍ അശോകന് ഒപ്പമോ വിടുന്ന കാര്യം കോടതി പരിഗണിച്ചില്ല. വിവാഹം റദ്ദാക്കിയ കോടതി വിധിയിലേക്കും കോടതി കടന്നില്ല.

ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍, അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ എന്നിവരുടെ വാദങ്ങള്‍ കേട്ട ശേഷം ഹാദിയയുടെ ഭാഗം കേള്‍ക്കാന്‍ എം.എം ഖാന്‍ വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ കൂടിയ അടങ്ങിയ ബഞ്ച് 45 മിനിറ്റ് നേരമാണ് ചെലവഴിച്ചത്. നേരത്തെ, കേസ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. കേസ് അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും പരിഗണിക്കും