സ്വന്തം ലേഖകന്‍

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കായുള്ള ക്യാമ്പിന് അടുത്ത മാസം 12ന് നെടുമ്പാശേരിയില്‍ തുടക്കമാവും. ആദ്യ വിമാനത്തിന്റെ ഫഌഗ് ഓഫ് 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നെടുമ്പാശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള എയര്‍ക്രാഫ്റ്റ് മെയിന്റന്‍സ് ഹാംഗറുകളിലാണ് ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 11,197 പേരാണ് ഇത്തവണ മക്കയിലേക്ക് യാത്ര തിരിക്കുക. 95,238 അപേക്ഷകരില്‍ നിന്നാണ് ഇത്രയും പേരെ തെരഞ്ഞെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവു വന്നാല്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്നും ഏതാനും പേര്‍ക്ക് കൂടി അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷിച്ചവരെ പൂര്‍ണമായും ഉള്‍പ്പെടുത്തുന്നതിന് കേരളത്തിനും ഗുജറാത്തിനും ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രത്യേക ക്വാട്ട അനുവദിച്ചിരുന്നു. ഇതുവഴി 4506 സീറ്റുകള്‍ കേരളത്തിന് അധികമായി ലഭിച്ചു.
ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്‍ ഇന്നലെ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം അവലോകനം ചെയ്തു. തീര്‍ത്ഥാടകര്‍ക്കുള്ള താമസസൗകര്യം, ശുചിമുറികള്‍, പ്രാര്‍ത്ഥനാ ഹാള്‍, കാന്റീന്‍, ഹജ്ജ് കമ്മിറ്റി ഓഫീസ് തുടങ്ങിയവ ക്യാമ്പില്‍ ഏര്‍പ്പെടുത്തും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ക്യാമ്പ് പരിസരത്ത് വിപുലമായ സൗകര്യങ്ങളുണ്ടാകും. തീര്‍ത്ഥാടകര്‍ക്കുള്ള ബോര്‍ഡിങ് പാസ് ക്യാമ്പില്‍ തന്നെ നല്‍കും. പരിശോധന പൂര്‍ത്തിയാക്കിയ ബാഗേജുകള്‍ കേന്ദ്രീകൃതമായി ശേഖരിച്ച് ക്യാമ്പില്‍ നിന്നും നേരിട്ട് വിമാനത്തിലേക്കെത്തിക്കും. ദിവസം മൂന്ന് സര്‍വീസുകളുണ്ടാവും. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലാണ് തീര്‍ത്ഥാടകരെ കൊണ്ടുപോകുക. അന്തിമ ഷെഡ്യൂള്‍ രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ അമിത് മീണ പറഞ്ഞു.
ഇതിന് മുമ്പ് നടത്തിയ രണ്ട് ഹജ്ജ് ക്യാമ്പുകള്‍ക്ക് സമാനമായ എല്ലാ സൗകര്യങ്ങളും ഇക്കുറിയും ഏര്‍പ്പെടുത്തും. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കല്‍പ്പറ്റ, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നും കെ.യു.ആര്‍.ടി.സിയുടെ ലോ ഫ്‌ളോര്‍ ബസുകള്‍ ക്യാമ്പ് വഴി സര്‍വീസ് നടത്തും. എല്ലാ ട്രെയിനുകള്‍ക്കും ആലുവയില്‍ സ്‌റ്റോപ്പ് അനുവദിക്കും. സി.ഐ.എസ്.എഫിനായിരിക്കും ക്യാമ്പിന്റെ സുരക്ഷ ചുമതല. സംസ്ഥാന പൊലീസും സഹായം നല്‍കും. വിവിധ ചികിത്സാ വിഭാഗങ്ങളുടെ മെഡിക്കല്‍ ബൂത്തുകളും ക്യാമ്പിലുണ്ടാകും. ബി.എസ്.എന്‍.എല്‍ ആണ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുക. തീര്‍ത്ഥാടകര്‍ക്ക് സൗദി റിയാല്‍ നല്‍കുന്നതിന് ബോംബെ മര്‍ക്കന്റൈല്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കൗണ്ടറും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ക്യാമ്പ് കോര്‍ഡിനേറ്ററെ ബന്ധപ്പെടാം. ഫോണ്‍: 94479 14545. അവലോകന യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗം എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദു റഹ്മാന്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം ഷബീര്‍, ഡയറക്ടര്‍ എ.സി.കെ നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.