വിഖ്യാത സോമാലിയന്‍ അമേരിക്കന്‍ മോഡലിങ് ഹാലിമ അദെന്‍ തന്റെ മോഡലിങ് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഹാലിമ ഇക്കാര്യം പറഞ്ഞത്. മോഡലിങ് രംഗത്ത് തന്റെ മതവിശ്വാസങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതിനാലാണ് വിട്ടു നില്‍ക്കുന്നതെന്ന് 23കാരിയായ അവര്‍ പറഞ്ഞു.

മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്റെ പ്രാര്‍ഥനാ സമയങ്ങളും നമസ്‌കാര സമയങ്ങളും നഷ്ടമാകുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിരുന്നു. നഫാഷന്‍ ലോകത്ത് തനിക്ക് അടുപ്പമുണ്ടായിരുന്നവരുമായുള്ള ബന്ധം നഷ്ടമായതായി തോന്നുന്നുവെന്നും ചുറ്റുമുള്ളവരുമായി പൊരുത്തപ്പെടാന്‍ താന്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്നും ഫോട്ടോഷൂട്ടുകള്‍ ബുദ്ധിമുട്ടായി തോന്നുന്നുവെന്നും അവര്‍ പറയുന്നു.

കൊവിഡ് പ്രതിസന്ധിയിലെ ഇടവേള തന്റെ കണ്ണ് തുറപ്പിച്ചതായും തന്റെ ഹിജാബ് മോഡല്‍ യാത്രയില്‍ എവിടെയാണ് തെറ്റ് പറ്റിയതെന്ന് തിരിച്ചറിഞ്ഞതായും ഹാലിമ പറഞ്ഞു. തനിക്ക് വേണ്ടി മാത്രമല്ല, ഫാഷന്‍ ലോകത്ത് ആത്മാവ് നഷ്ടപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് താനിപ്പോള്‍ നിലപാട് പ്രഖ്യാപിക്കുന്നതെന്ന് ഹാലിമ പറഞ്ഞു.

ലോകത്തെ ആദ്യത്തെ ഹിജാബി മോഡലാണ് ഹാലിമ അദെന്‍.