ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ പ്രത്യേക സൈനിക അധികാരം(അഫ്‌സപ) ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. സിവില്‍സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനം ഐ.എസിന്റെ പരിശീലനത്തിന്റെ ഭാഗമാണ്, ജില്ലയുടെ ഭരണം സൈന്യത്തിന് കൈമാറണം. സിപി.ഐ.എമ്മിന്റെ പാതകമാണ് മലപ്പുറം ജില്ലയെന്നും സ്വാമി പറഞ്ഞു. ദ വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന്റെ അഖണ്ഡതക്കും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി മതേതര ജനാധിപത്യ സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം, അതുകൊണ് തന്നെ മലപ്പുറത്ത് ഇപ്പോഴുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാതലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. പ്രഷര്‍കുക്കറും അമോണിയം നൈട്രേറ്റുമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നത്. ബേസ് മൂവ്മെന്റ് എന്ന ലെറ്റര്‍പാഡിലുള്ള നോട്ടീസ് അടങ്ങിയ ഒരു പെട്ടിയും പെന്‍ ഡ്രൈവും സ്ഫോടനം നടന്ന പ്രദേശത്തു നിന്നും ലഭിച്ചിരുന്നു.