ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബ്ലാക് ലിവ്‌സ് മാറ്റര്‍ പ്രതിഷേധവും. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശേഷം മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദിക് പാണ്ഡ്യയാണ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ക്രീസില്‍ മുട്ടുകുത്തി നിന്നാണ് പാണ്ഡ്യ കറുത്തവരുടെ ജീവിതത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

നേരത്തെ, നിരവധി കായിക മാമാങ്കത്തില്‍ ബ്ലാക് ലിവ്‌സ് മാറ്റര്‍ വിഷയമായിരുന്നു. ഐപിഎല്ലില്‍ ആദ്യമായാണ് ഒരു താരം ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നത്. ക്രീസില്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രം, ബ്ലാക് ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ് ടാഗോടെ ഹര്‍ദിക് പാണ്ഡ്യ പങ്കുവച്ചു.

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരന്‍ കഴുത്തു ഞരിച്ചു കൊന്നതിന് പിന്നാലെയാണ് ബ്ലാക് ലിവ്‌സ് മാറ്റര്‍ പ്രതിഷേധം ലോകത്തുടനീളം കൊടുമ്പിരി കൊണ്ടത്. മിനിയാപോളിസ് പൊലീസിന്റെ കിരാത നടപടിക്കെതിരെ നിരവധി കായികതാരങ്ങളാണ് രംഗത്തുവന്നിരുന്നത്. 2020 മെയിലായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം.

യുഎസ് കായിക വേദിയില്‍ നിരവധി പേരാണ് പ്രതിഷേധത്തന്റെ ഭാഗമായിരുന്നത്. ക്രിക്കറ്റ് ലോകത്ത് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കിടെ വിന്‍ഡീസ് താരങ്ങള്‍ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചിരുന്നു. ഈയിടെ വുമണ്‍സ് ബിഗ് ബാഷ് ലീഗിലും ഒരു ടീം ഇത്തരത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.