അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ മലപ്പുറത്തിന് പുത്തരിയല്ല. നിരവധി തവണ, പല രീതിയിലുള്ള ഉദ്ദേശലക്ഷ്യങ്ങളോടെയും മലപ്പുറത്തെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നവരുമുണ്ട്. അതിനിടെ, അവക്കൊക്കെ മറുപടിയും മറ്റു ചിലര്‍ നല്‍കാറുണ്ടെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി സിനിമാ താരം ഹരിശ്രീ അശോകന്‍ രംഗത്ത്. സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്രയെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്ര. മതസൗഹാര്‍ദ്ദത്തിന് എന്നും കേളികേട്ട സ്ഥലമാണ് മലപ്പുറമെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. നല്ല ഭക്ഷണം തന്ന് തോല്‍പ്പിക്കുന്നവരാണ് മലപ്പുറത്തുകാരെന്നും താരം പുകഴ്ത്തുന്നു.

മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ നിരവധി പരാമര്‍ശങ്ങളും പ്രവര്‍ത്തികളും നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സിനിമാതാരത്തിന്റെ തുറന്നു പറച്ചില്‍. മലപ്പുറത്ത് മാസം 1000 പേരെ വീതം മതം മാറ്റുന്നുവെന്ന പുതിയ കണ്ടെത്തലാണ് കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍ ഈയടുത്ത് നടത്തിയത്. ഹാദിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പുതിയ പരാമര്‍ശം.