ലണ്ടന്‍: ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഒരു അവസരം കിട്ടാന്‍ വഴിയുണ്ടോ?’ ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നായകനായ വിരാട് കോഹ്‌ലിയോടാണ്. ചോദിച്ചയാള്‍ അത്ര നിസാരക്കാരനല്ല. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം താരവും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പറിന്റെ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നാണ് അടുത്ത സീസണില്‍ ആര്‍സിബിക്കായി കളിക്കാന്‍ അവസരം തേടുന്നത്.

ഇതിനെ വെറുമൊരു അവസരം തേടലായി കാണാനും വയ്യ. ബാറ്റിങ്ങില്‍ തനിക്കെന്തൊക്കെ സാധ്യമാകുമെന്ന് വിഡിയോ സഹിതം പങ്കുവച്ചാണ് കെയ്ന്‍ കോലിയോട് അവസരം ചോദിച്ചിരിക്കുന്നത്. ടീമിലെടുക്കുന്നത് പരിഗണിക്കാമെന്ന് കോലി മറുപടിയും നല്‍കിയതോടെ സംഭവം ആരാധകരും ഏറ്റെടുത്തു.

ടോട്ടനം ഹോട്‌സ്പറില്‍ തന്റെ സഹതാരങ്ങള്‍ക്കൊപ്പം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടെന്നിസ് പന്തുപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്നതിന്റെ വിഡിയോയാണ് കെയ്ന്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതിന്റെ വിഡിയോ പങ്കുവച്ചാണ് കെയ്ന്‍ കോലിയോട് അവസരം ചോദിച്ചത്. ‘ട്വന്റി20യില്‍ കളി ജയിപ്പിക്കാനുള്ള ഇന്നിങ്‌സ് കളിക്കാന്‍ എനിക്കാകുമെന്ന് തോന്നുന്നു. ഐപിഎല്‍ അടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ അവസരം കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ?’ ആര്‍സിബി നായകന്‍ കൂടിയായ വിരാട് കോലിയെ ടാഗ് ചെയ്ത് കെയ്ന്‍ കുറിച്ചു.

അധികം വൈകാതെ കോലി മറുപടിയും ട്വീറ്റ് ചെയ്തു: ഹഹ.. കഴിവുണ്ടെന്ന് ഉറപ്പ്. താങ്കളെ ഒരു കൗണ്ടര്‍ അറ്റാക്കിങ് ബാറ്റ്‌സ്മാനായി ടീമിലെടുക്കാവുന്നതേയുള്ളൂ’ ഹാരി കെയ്‌നെ ടാഗ് ചെയ്ത് കോലി കുറിച്ചു. ഏതാണ്ട് അരലക്ഷത്തോളം പേരാണ് ഇതിനകം കെയ്‌നിന്റെ ട്വീറ്റ് ലൈക്ക് ചെയ്തത്.