ലഖ്‌നൗ: മുസ്ലിംകളെ സമ്പൂര്‍ണമായി നശിപ്പിക്കാന്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വോട്ടു ചെയ്യണമെന്ന വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ഉത്തര്‍പ്രദേശ് നേതാവ് രഞ്ജിത് ബഹദൂര്‍ ശ്രീവാസ്തവ. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു.

മുസ്ലിം വിഭാഗത്തെ സമ്പൂര്‍ണമായി സംഹരിക്കാന്‍ മോദിക്ക് വോട്ട് ചെയ്യണമെന്നും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് മുസ്ലിംകളുടെ ആത്മവിശ്വാസം കുറക്കാനും ആചാരങ്ങളെ തകര്‍ക്കാനും നരേന്ദ്ര മോദി ഭരണത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു. വിഭജനത്തിനു ശേഷം ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. മുസ്ലിംകളെ ഒട്ടാകെ നശിപ്പിക്കണമെന്നുണ്ടെങ്കില്‍ ബി.ജെ.പിക്കു വോട്ടു ചെയ്യണം-ശ്രീവാസ്തവ വ്യക്തമാക്കി.

പാര്‍ട്ടി ലോക്‌സഭാതെരഞ്ഞെടുപ്പിന് ശേഷം ചൈനയില്‍ നിന്നും ക്ഷൗര യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യും. ഇത് ഉപയോഗിച്ച് മുസ്ലീങ്ങളെ ക്ഷൗരം ചെയ്ത് ഹിന്ദുവാക്കുമെന്നും ശ്രീവാസ്തവ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. വോട്ട് ബിജെപിക്ക് ചെയ്തില്ലെങ്കിലുള്ള അനന്തര ഫലം നിങ്ങള്‍ അനുഭവിക്കുമെന്നും ഇയാള്‍ പറയുന്നുണ്ട്. ഇയാളുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്.