ആണ്ടിപ്പട്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തമിഴ്‌നാട് സര്‍ക്കാറിനും അണ്ണാഡി.എം.കെയ്ക്കുമുണ്ടെന്ന് സംസ്ഥാന മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി. മോദിയുടെ പിന്തുണയുള്ള തങ്ങളെ പിളര്‍ത്താന്‍ ആര്‍ക്കുമാവില്ലെന്നും പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തങ്ങള്‍ക്ക് പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണ്ടിപ്പട്ടിയില്‍ പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് മോദിയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബാലാജി അവകാശപ്പെട്ടത്. അണ്ണാഡി.എം.കെയിലെ 92 ശതമാനം കൗണ്‍സിലര്‍മാരും പളനിസ്വാമി വിഭാഗത്തെയാണ് പിന്തുണക്കുന്നതെന്നും രണ്ടില തങ്ങള്‍ തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ഡയറി ഫാമുകള്‍ പാലില്‍ മാരക വിഷം കലര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ് നേരത്തെയും വിവാദത്തില്‍ അകപ്പെട്ടയാളാണ് ബാലാജി.