ലുധിയാന: ലോക്കപ്പില്‍വച്ച് ഹെഡ്‌കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ബലാത്സംഗത്തിന് ശേഷം മെഡിക്കല്‍ പരിശോധന നടത്താനും പൊലീസ് അനുവദിച്ചില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ എസിപി അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസംബര്‍ അഞ്ചിന് അര്‍ധരാത്രിയില്‍ ഒരു കൂട്ടം ആളുകള്‍ അക്രമിച്ചതിനെ തുടര്‍ന്നാണ് യുവതി പൊലീസിന്റെ സഹായം തേടിയത്. വനിതാ പൊലീസിന്റെ അഭാവത്തില്‍ പൊലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

അര്‍ധരാത്രി മുതല്‍ നേരം വെളുക്കുംവരെ ഹെഡ്‌കോണ്‍സ്റ്റബിള്‍ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. രാവിലെ മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിയെങ്കിലും പരിശോധന നടത്തുന്നത് പൊലീസ് തടയുകായായിരുന്നെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു.