പിലിഭിത്: ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വിഖ്യാത കവി മുഹമ്മദ് ഇക്ബാലിന്റെ കവിത ആലപിച്ചതിന് സ്‌കൂളിലെ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. പ്രാദേശിക വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദള്‍ നേതാക്കളും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ പ്രഭാത പ്രാര്‍ത്ഥനയായി ‘ലാബ് പെ ആതി ഹായ് ദുവാ ബങ്കെ തമന്ന മേരി’ എന്നു തുടങ്ങുന്ന കവിത ആലപിച്ചു എന്നാണ് ആരോപണം.

വിദ്യാര്‍ത്ഥികളെ ദേശീയഗാനം ആലപിക്കാത്തതിനാലാണ് പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പിലിഭിത് ജില്ലാ മജിസ്‌ട്രേറ്റ് വൈഭവ് ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍ സസ്‌പെന്‍ഷനിലായ ഹെഡ്മാസ്റ്റര്‍ ഫുര്‍കാന്‍ അലി ആരോപണം നിഷേധിച്ചു.

‘വിദ്യാര്‍ത്ഥികള്‍ പതിവായി ദേശീയഗാനം ആലപിക്കുന്നു, ഇക്ബാല്‍ എഴുതിയ കവിത ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകള്‍ക്കുള്ള ഉറുദു സിലബസിന്റെ ഭാഗമാണ്. എന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി, ഹിന്ദു യുവ വാഹിണി തൊഴിലാളികള്‍ സ്‌കൂളിന് പുറത്തും കളക്ടറേറ്റിലും പ്രതിഷേധ പ്രകടനം നടത്തി. എനിക്ക് ഒരു കവിത മാത്രമേ ലഭിച്ചുള്ളൂ. ഇത് സര്‍ക്കാര്‍ സ്‌കൂള്‍ സിലബസിന്റെ ഭാഗമാണ് അത് അവര്‍ ആലപിച്ചു. അദ്ദേഹം പറഞ്ഞു.

അതേസമയം വിഎച്ച്പി, ബജ്രംഗ്ദള്‍ അംഗങ്ങള്‍ നല്‍കിയ പരാതി ദേശീയഗാനം ആലപിച്ചോ ഇല്ലയോ എന്നതിനല്ലെന്നും ഇക്ബാലിന്റെ കവിതയ്‌ക്കെതിരായ എതിര്‍പ്പാണെന്നും പിലിഭിത്തിന്റെ ബിഎസ്എ ദേവേന്ദ്ര സ്വരൂപ് പറഞ്ഞു.