kerala

ശിരോവസ്ത്ര വിലക്ക്: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്

By webdesk17

October 14, 2025

എറണാകുളത്തെ സ്‌കൂളിലെ ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട സേംഭവത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാര്‍ഥിയെ പുറത്താക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും ശിരോവസ്ത്രം ധരിക്കാന്‍ കുട്ടിക്ക് അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാളെ 11 മണിക്ക് മുമ്പ് പ്രശ്‌നം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാനും സ്‌കൂളിന് നിര്‍ദേശം നല്‍കി. ഭരണഘടനാ അവകാശം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നിറവും ഡിസൈനും സ്‌കൂളിന് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസിന് പുറത്തു നിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണത്തിലാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.