Connect with us

Health

പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി 

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്കൂ‌ളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്‌ധ ചികിത്സ തേടണം.

പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്‌ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്ക‌്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അറിയിച്ചു.

എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണം. എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പർക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകളെടുക്കണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്‌ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ കൊതുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം. വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാൽ തന്നെ പ്രതിരോധം പ്രധാനമാണ്. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷണം പാകം ചെയ്യും മുൻപും കഴിക്കുന്നതിനു മുൻപും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം കുടിക്കുക. കൂടെ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻ വെളളം എന്നിവയും കൂടുതലായി നൽകുക. വയറിളക്കം ബാധിച്ചാൽ ഭക്ഷണവും വെളളവും കൂടുതലായി നൽകണം. നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ (വർദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമം, മയക്കം, മൂത്രത്തിന്റെ അളവിലോ നിറത്തിലോയുള്ള വ്യത്യാസം) കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

രാത്രികാലങ്ങളില്‍ കൊതുകുവല ഉപയോഗിക്കുന്നതിനും വീടുകളില്‍ കൊതുകുനശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

Published

on

മലപ്പുറം: മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചത് അതിഥി തൊഴിലാളിക്കാണ്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേ നടത്തി.

രാത്രികാലങ്ങളില്‍ കൊതുകുവല ഉപയോഗിക്കുന്നതിനും വീടുകളില്‍ കൊതുകുനശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹസന്ദര്‍ശന രക്തപരിശോധയില്‍ പങ്കാളിയാകണമെന്നും ഡിഎംഒ അറിയിച്ചു.

Continue Reading

Health

മലപ്പുറത്ത് 4 കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു; 127 പേര്‍ ചികിത്സയില്‍

ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്

Published

on

മലപ്പുറം: മലപ്പുറം കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 127 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിൽ നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചു. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്.

രോഗലക്ഷണങ്ങൾ:

  • കടുത്ത വയറുവേദന
  • ഛർദി

നിലവിൽ:

  • രോഗം സ്ഥിരീകരിച്ച കുട്ടികൾ വീട്ടിൽ ചികിത്സയിൽ
  • ആരുടെയും നില ഗുരുതരമല്ല
  • സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണം പരിശോധനക്ക് അയച്ചു
  • രോഗം പടരാനുള്ള കാരണം വ്യക്തമാകാൻ ഫലം കാത്തിരിക്കുക

ജാഗ്രതാ നിർദ്ദേശങ്ങൾ:

  • ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാൻ നിർദ്ദേശം
  • വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. അത്താണിക്കലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.
  • 284 രോഗികൾ അത്താണിക്കലിൽ ചികിത്സയിൽ
  • ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി

Continue Reading

gulf

ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

Published

on

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. തായത്തെരു അമീര്‍ ഹംസാസിലെ തന്‍വീര്‍ അമീര്‍ ഹംസ(51)ആണ് മരിച്ചത്. സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

15 വര്‍ഷത്തോളമായി ഗള്‍ഫില്‍ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതന്‍ അമീര്‍ ഹംസയുടെ മകനാണ് തന്‍വീര്‍. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ: റഫീന കോയ്യോട്. മക്കള്‍: ആയിശ, ആലിയ

Continue Reading

Trending