ഷാങ്ഹായ്: ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡിന് കാരണമായ കൊറോണവൈറസിന്റെ ഉറവിടമെന്നതിന് ആധികാരികമായ തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷകസംഘം.

വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗവിദഗ്ധനുമായ പീറ്റര്‍ ഡസ്സാക് പറഞ്ഞു. വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകള്‍ താവളമാക്കിയ ഗുഹകളില്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയില്ലെങ്കിലും വുഹാനിലെ വൈറസ് ഉറവിടത്തെ കുറിച്ച് പുതിയ സൂചന ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡിന്റെ ഉറവിടമെന്നുള്ള അമേരിക്കയുള്‍പ്പെടെയുള്ള നിരവധി ലോകരാജ്യങ്ങളുടെ ആരോപണം ശക്തമായി തുടരുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ സംഘത്തിന്റെ പുതിയ പഠനഫലമെന്നത് ശ്രദ്ധേയമാണ്.

കോവിഡിന്റെ ഉത്ഭവത്തിന് വവ്വാല്‍ പോലെയുള്ള ഏതെങ്കിലും വന്യജീവികളുമായി ബന്ധമുണ്ടാകുമെന്ന് ഡസ്സാക്ക് പറയുന്നു. യഥാര്‍ത്ഥ ഉറവിടം കണ്ടെത്തിയാല്‍ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗത്തിന്റെ ആരംഭത്തിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ടാകാമെന്നും ഡസ്സാക് പറയുന്നു.