Connect with us

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു; 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

 

നിര്‍ദ്ദേശങ്ങള്‍

* പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

kerala

ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി

കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്.

Published

on

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട് പിന്നാലെ പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി. കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക.

536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്.

4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.

ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല. അവ എത്തിച്ച് നല്‍കും. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതില്‍. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറും. ഇതില്‍ 24 മണിക്കൂറം നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

ഇന്ന് രാവിലെ 7 മണിക്ക് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയത്.

Continue Reading

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

Trending