ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയതില്‍ വിമര്‍ശനവുമായി നടി പാര്‍വതി. കമ്മിറ്റിയില്‍ മൊഴി നല്‍കിയ സിനിമാ പ്രവര്‍ത്തകര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് പാര്‍വതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയായിരുന്നു ഇത്.
അഞ്ചര വര്‍ഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച്, എന്തെങ്കിലും തീരുമാനമായോ? എന്ന് പാര്‍വതി മുഖ്യമന്ത്രിയോട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ചോദിച്ചു. ‘എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ? അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആകെ അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളൂ’-പാര്‍വതി ചോദിക്കുന്നു.