കൊച്ചി: സംസ്ഥാന വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിക്കേണ്ടതില്ല. ഈ അമിതാധികാരം എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ് കോടതി ചോദിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംഭവത്തില്‍ തെറ്റായ വാര്‍ത്തകളാണ് പുറത്തുവന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നതെന്നും കോടതി ചോദിച്ചു. ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഇന്ന് ജേക്കബ് തോമസ് വിഷയത്തില്‍ കോടതിയുടെ വിശദീകരണം വന്നത്.

വിജിലന്‍സിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് പേടിയുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. വിജിലന്‍സിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നാണ് പറഞ്ഞത്. ഇതിനര്‍ഥം ഡയറക്ടറെ മാറ്റണം എന്നാണോ എന്നും കോടതി ചോദിച്ചു.
തെറ്റായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ചര്‍ച്ചകളുണ്ടായത്. ഇത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി, വിവാദത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.