വാഷിങ്ടണ്‍: ലോകത്തിലെ വലിയ ജനാധിപത്യ ശക്തികളില്‍ ഒന്നായ അമേരിക്കയുടെ 45ാമത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക വിധിയെഴുത്ത് ഇന്ന് നടക്കും. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപുമാണ് മത്സരരംഗത്തുള്ളത്. ആരായിരിക്കും പുതിയ യു.എസ് പ്രസിഡണ്ട് എന്നതു സംബന്ധിച്ച് ഇന്ത്യന്‍ സമയം നാളെ കാലത്ത് ഒമ്പതു മണിയോടെ കൃത്യമായ സൂചന ലഭിക്കും. രണ്ടാമതെത്തുന്നയാള്‍ അമേരിക്കയുടെ 48ാമത് വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെടും.

അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന അവസാന സൂചന വച്ച് ഹിലരി ക്ലിന്റനു തന്നെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. രണ്ടു മുതല്‍ മൂന്നു ശതമാനം വരെ ഹിലരിക്ക് മുന്‍തൂക്കമുള്ളതായി സര്‍വേകള്‍ വ്യക്തമാക്കുന്നു. ഇ മെയില്‍ വിവാദത്തില്‍ ഹിലരിക്ക് അനുകൂലമായ തീരുമാനവുമായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ രംഗത്തെത്തിയതും ഹിലരി ക്യാമ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്.

അവസാന ദിനത്തിലും പ്രചാരണ ക്യാമ്പയിനില്‍ സജീവമായിരുന്നു ഇരു സ്ഥാനാര്‍ത്ഥികളും. മിഷിഗണ്‍ സ്റ്റേറ്റിലാണ് ഹിലരി അവസാന ദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയും ഇവിടെ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന, പെന്‍സില്‍വാനിയ, ന്യൂഹാംസ്പിയര്‍ സംസ്ഥാനങ്ങളിലായിരുന്നു ട്രംപിന്റെ പര്യടനം. ഇലക്ട്രോണിക് വോട്ടിങിന് അവസരം ഉള്ളതിനാല്‍ 40 ശതമാനത്തോളം പേര്‍ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വോട്ടു ചെയ്തവര്‍ക്ക് ഇന്ന് തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മാറ്റിചെയ്യണമെന്ന് തോന്നിയാല്‍ അതിന് അവസരം ലഭിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.