ഹൈദരാബാദ്: അന്യജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ ചുട്ടുകൊന്ന് ചാരം നദിയിലൊഴുക്കി. ഹൈദരാബാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ മഞ്ചേരിയല്‍ ജില്ലയിലെ കലമഡുകു ഗ്രാമത്തിലാണ് സംഭവം.

കീഴ്ജാതിക്കാരനായ ലക്ഷമണന്‍ എന്ന യുവാവിനെ വിവാഹം കഴിച്ച അനുരാധ എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈദരാബാദിലേക്ക് ഒളിച്ചോടിയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഡിസംബര്‍ മൂന്നിനായിരുന്നു ഇവരുടെ വിവാഹം. 20 ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും ഗ്രാമത്തില്‍ തിരിച്ചെത്തി.

ഇതറിഞ്ഞ അനുരാധയുടെ മാതാപിതാക്കള്‍ ബന്ധുക്കളുടെ സഹായത്തോടെ വീട് ആക്രമിച്ച് ലക്ഷ്മണനെ മര്‍ദിച്ച് അവശനാക്കി അനുരാധയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി. ശേഷം നിര്‍മല്‍ ജില്ലയിലെ മല്ലാപൂര്‍ ഗ്രാമത്തില്‍ വെച്ച് ചുട്ടുകൊല്ലുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ചാരം നദിയിലൊഴുക്കി.

ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഞായറാഴ്ചയാണ് യുവതി കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്.