india

അത്യുഷ്ണം, ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉന്നതതലയോഗം വിളിച്ചു

By webdesk11

June 20, 2023

ഉത്തര്‍പ്രദേശും ബിഹാറും അടക്കം ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം കടുക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാഡവ്യ. ഉഷ്ണതരംഗത്തില്‍ ആകെ മരണം നൂറ് കടന്നതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഉത്തര്‍ പ്രദേശിലും ബിഹാറിലും 100 പേരോളം കഴിഞ്ഞ 3 ദിവസത്തിനിടെ ചൂട് താങ്ങാതെ മരിച്ചു. ഉഷ്ണ തരംഗത്തെത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14 പേര്‍ കൂടി മരിച്ചു. 24 മണിക്കൂറിനിടെയുള്ള കണക്കാണിത്.

ഇതോടെ ഉഷ്ണക്കാറ്റ് ഏറ്റ് നാലു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 68 ആയി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാ രോഗികള്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നുണ്ടെന്ന് ബെല്ലിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയന്ത് കുമാര്‍ പറഞ്ഞു. താപനില ഉയര്‍ന്ന നിലയില്‍ തന്നെയാണെന്നും അതിനാല്‍ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്താന്‍ സാധ്യതയുണ്ട്. എങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ബല്ലിയ ജില്ലാ ആശുപത്രിയില്‍ 68 പേര്‍ മരിച്ചത് ഉഷ്ണതരംഗം മൂലമാകാന്‍ സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. നൂറ് കണക്കിനുപേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ബിഹാറില്‍ 18 ഇടങ്ങളില്‍ കടുത്ത ചൂട് രേഖപ്പെടുത്തി. 35 പേര്‍ പറ്റ്‌നയില്‍ മാത്രം മരിച്ചു. 11 ജില്ലകളില്‍ 44 ഡിഗ്രിക്ക് മുകളിലാണ് ചൂട്. ഈ മാസം 24 വരെ പറ്റ്‌നയിലെ എല്ലാ സ്‌കൂളുകളും അടച്ചു. ഉയര്‍ന്ന ചൂട് തുടരുന്നതിനാല്‍ മധ്യപ്രദേശിലും ഒഡീഷയിലും സ്‌കൂളുകളില്‍ വേനലവധി ഈ മാസം 30 വരെ നീട്ടി.