മുബൈ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ബിജെപിക്കുള്ളിലുംതന്നെ ഭിന്നിപ്പുയരുന്നു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ പ്രിയങ്ക ഗാന്ധിയെ വഴിയില്‍ തടഞ്ഞാണ് യുപി പൊലീസ് കയ്യേറ്റം ചെയ്തിരുന്നത്. പ്രിയങ്കയുടെ വസ്ത്രം പുരുഷപൊലീസ് സംഘം പിടിച്ചുവലിക്കുകവരെയുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ പരസ്യമായാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്നും തന്നെ വിമര്‍ശനമുയരുന്നത്.

പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്തവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഘ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

‘ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കൈവയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെ ധൈര്യം വന്നു. പൊലീസ് അവരുടെ പരിധികള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം, ചിത്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദ്യനാഥ് ഇത്തരത്തിലുള്ള പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും, ട്വീറ്റില്‍ ചിത്ര കൂട്ടിച്ചേര്‍ത്തു.

പൊലീസുകാരന്‍ പ്രിയങ്ക ഗാന്ധിയുടെ വസത്രത്തില്‍ കുത്തിപ്പിടിച്ച ചിത്രവും മറ്റൊരു വനിത പ്രവര്‍ത്തകയുടെ ചുരിതാര്‍ പിടിച്ചുവലിക്കുന്ന ചിത്രവും ട്വീറ്റില്‍ ചിത്ര പങ്കുവച്ചിട്ടുണ്ട്.

നേരത്തെ യോഗി പൊലീസിന്റെ കടുത്ത നടപടിക്കെതിരെ ഉമാ ഭാരതിയും രംഗത്തെത്തിയിരുന്നു. യോഗി സര്‍ക്കാറിനെതിരെ ബിജെപിയില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിയാരുന്നു, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പിന്നീട് ഹാത്രസിലേക്ക് കടത്തിവിട്ടത്.

അതിനിടെ, മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റെ ട്വീറ്റിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയില്‍ ചേര്‍ന്നെങ്കിലും ചിത്രയുടെ സംസ്‌കാരം നഷ്ടപ്പെട്ടിട്ടില്ലെന്ന് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്യജിത് ടാംബെ പ്രതികരിച്ചു. എന്‍സിപി വിട്ട് കഴിഞ്ഞ വര്‍ഷമാണ് ചിത്ര ബിജെപിയില്‍ ചേര്‍ന്നത്. യുപി പൊലീസിന്റെ നടപടിയില്‍ നേരത്തെ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയും രൂക്ഷമായി പ്രതികരിച്ചിരുന്നു.

അതേസമയം, പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കഴിഞ്ഞദിവസം നോയിഡ പൊലീസ് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെയും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ക്രൂരമായാണ് യുപി പൊലീസ് പെരുമാറിയത്.