ചെന്നൈ: കഴിഞ്ഞ ഇരുപതു ദിവസമായി അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറോ ആസ്പത്രി അധികൃതരോ തയാറായിട്ടില്ല. അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ മുഖ്യമന്ത്രിയുടെ തിരിച്ചുവരവിനുള്ള പ്രാര്‍ത്ഥനയിലാണ് തമിഴ്‌നാട് ജനത. ഈ ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കി തയാറാക്കിയ വീഡിയോ യൂടൂബില്‍ തരംഗമാവുന്നു.

പുട്ട് ചട്ട്ണിയെന്ന യൂടൂബ് ഗ്രൂപ്പാണ് തമിഴരുടെ വികാരം തുറന്നുപറയാന്‍ ധൈര്യം കാണിച്ചത്. അമ്മാളൂസ് കിച്ചന്‍ എന്ന ആക്ഷേപഹാസ്യ വീഡിയോയിലൂടെയാണ് പുട്ട്ചട്ട്ണി തമിഴ്‌നാടിന്റെ മനസ്സ് തുറന്നുകാട്ടുന്നത്. ഭക്ഷണം പാകം ചെയ്യുന്ന കുക്കിനോട് വിഭവം എപ്പോള്‍ തയാറാകുമെന്ന ചോദ്യത്തിലൂടെയാണ് അമ്മാളൂസ് കിച്ചന്‍ പുരോഗമിക്കുന്നത്. ഈ ചോദ്യം വീഡിയോയുടെ അവസാനം വരെ നീളുന്നുമുണ്ട്. വിഭവത്തിന്റെ അവസ്ഥ ഇപ്പോള്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുരോഗതിയുണ്ടെന്ന ഉത്തരം മാത്രമാണ് കുക്ക് നല്‍കുന്നത്. അപ്പോളോ ആസ്പത്രിയുടെ പ്രതികരണമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. പാചകം സംബന്ധിച്ച് വിശ്വസനീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളുമായി ചിലര്‍ ഇടക്ക് കയറി വരുന്നു. ഇത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളെയാണ് വരച്ചുകാട്ടുന്നത്. ജയലളിതയുടെ ആരോഗ്യനില വഷളായ സമയത്ത് രാഷ്ട്രീയനീക്കം നടത്തുന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ ഇരട്ടത്താപ്പ് നയവും അമ്മാളൂസ് കിച്ചണ്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Watch video: