കാസര്‍കോട്: കര്‍ണാടക പൊലീസിന്റെ മര്‍ദനമേറ്റ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

കര്‍ണാടകയിലെ സുള്ള്യയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയിലാണ് ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തത്. തുടര്‍നടപടികളെടുക്കാന്‍ പൊലീസ് കേരള ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു. അനുമതി തേടാതെ സംസ്ഥാനം വിട്ടതിന് ഉണ്ണികൃഷ്ണനെതിരെ ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി ഉണ്ണികൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു.

അതിനിടെ, കര്‍ണാടക പൊലീസ് തന്നെ മര്‍ദിച്ചതായി ഉണ്ണികൃഷ്ണന്‍ കാസര്‍കോട് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

ഇന്ന് രാവിലെയാണ് വി.കെ ഉണ്ണികൃഷ്ണനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ആവശ്യമെങ്കില്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.