Culture

‘നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നി’; ‘അമ്മ’യെ വെട്ടിലാക്കി ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

By chandrika

June 28, 2018

തിരുവനന്തപുരം: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയെ വെട്ടിലാക്കി നടനും ഭാരവാഹിയുമായ ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതിപ്പെട്ടിരുന്നുവെന്നും അതില്‍ വാസ്തവമുണ്ടെന്ന് തോന്നിയതായും ഇടവേള ബാബു പറഞ്ഞു.

ദിലീപിനെക്കുറിച്ച് നടി പരാതിപ്പെട്ടിരുന്നില്ലെന്ന സംഘടനാ പ്രവര്‍ത്തകരുടെ വാദം ഇതോടെ പൊളിഞ്ഞു. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താന്‍ ദിലീപുമായി സംസാരിച്ചിരുന്നു.

ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് തലയിടുന്നതെന്ന് താന്‍ ദിലീപിനോട് ചോദിച്ചതായും ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘടന ഇക്കാര്യം ചര്‍ച്ച ചെയ്തിരുനനില്ലെന്നും അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.

ദിലീപും കാവ്യയുമായുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടായത്. ഈ സംഭവത്തിന് ശേഷം കാവ്യ മാധവനും നടിയും പരസ്പരം മിണ്ടാറില്ലായിരുന്നെന്നും ഇടവേള ബാബു പൊലീസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ മുപ്പതാം സാക്ഷിയായ ഇടവേള ബാബു അമ്മയുടെ മുന്‍ സെക്രട്ടറിയായിരുന്നു.