ഇടുക്കി: ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാത്രി സമയത്ത് ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ചുമതല റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

2393.16 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. 2400 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കുമെന്നാണ് വൈദ്യുത വകുപ്പ് രാവിലെ അറിയിച്ചിരുന്നത്. എന്നാല്‍ വലിയ റിസ്‌കെടുക്കേണ്ടെന്നാണ് വൈദ്യുത മന്ത്രിയുടെ നിലപാട്. 2400 അടിയാകുന്നതിന് മുമ്പ് തന്നെ ഡാം തുറക്കാമെന്ന നിലപാടിലാണ് മന്ത്രി.

അതേസമയം അണക്കെട്ട് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന നാശനഷ്ടങ്ങളെ കുറിച്ചും സര്‍ക്കാറിന് ആശങ്കയുണ്ട്. അണക്കെട്ട് തുറന്നാല്‍ വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും നൂറ് മീറ്ററിനുള്ളില്‍ 4500 കെട്ടിടങ്ങളുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.