കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന പശ്ചിമബംഗാളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ എന്ന് അവര്‍ വെല്ലുവിളിച്ചു.

‘ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ എന്നെ അറസ്റ്റു ചെയ്യട്ടെ. തെരഞ്ഞെടുപ്പില്‍ ജയിലിലിരുന്ന് ഞാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജയം ഉറപ്പുവരുത്തും’ – ബാങ്കുരയില്‍ സംഘടിപ്പിച്ച റാലിയില്‍ മമത പറഞ്ഞു. ബിജെപി തൃണമൂല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ് എന്നും അവര്‍ കുറ്റപ്പെടുത്തി.

ബംഗാളില്‍ അധികാരം ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തിലാണ് മമതയുടെ വിമര്‍ശനങ്ങള്‍. കോവിഡ് മഹാമാരിക്കിടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് ഒരു സാമ്പത്തിക സഹായവും നല്‍കിയില്ലെന്ന് ചൊവ്വാഴ്ച അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

കോവിഡ് ചികിത്സയ്ക്കായി 4500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ചെലവഴിച്ച ഓരോ പൈസക്കും താന്‍ ഉത്തരവാദിയാണ്. അത് പൊതുജനങ്ങളുടെ പണമാണ്. സംസ്ഥാനത്തിന് പരിമിതികളുണ്ട്. കേന്ദ്രം സഹായം തന്നില്ലെന്ന് മാത്രമല്ല, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും ചെയ്തു- അവര്‍ ആരോപിച്ചു.

അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളുടെ ഇടയ്ക്കിടെയുള്ള സംസ്ഥാന സന്ദര്‍ശനത്തെ അവര്‍ വിമര്‍ശിച്ചു. ഇവിടെ രാഷ്ട്രീയം കളിക്കാനാണ് അവര്‍ വരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിട്ട് (അമിത് ഷാ) ബാക്കി കഴിക്കാന്‍ ഗോത്രവിഭാഗക്കാരുടെ വീടുകളില്‍ എത്തുകയാണ്’ – അവര്‍ കുറ്റപ്പെടുത്തി.