മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയെന്ന ഖ്യാതിയുള്ള ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദിനെ അബുദാബിയിലേക്ക് കൊണ്ടുപോകുന്നു. തുടര്‍ ചികിത്സ മലയാളി ഡോക്ടറുടെ ആസ്പത്രിയില്‍ നടത്താനാണ് തീരുമാനം. ഡോ.ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെല്‍ത്ത് കെയര്‍ ആസ്പത്രിയിലേക്ക് ഇമാനെ മാറ്റുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. മുംബൈ സെയ്ഫി ആസ്പത്രിയിലെ ചികിത്സ വിവാദമായ സാഹചര്യത്തിലാണ് നടപടി. ശരീര ഭാരം പൂര്‍ണമായും കുറക്കാമെന്ന് വാഗ്ദാനം നടത്തി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇമാന്റെ 262 കിലോ ഭാരം കുറഞ്ഞതായി ആസ്പത്രി അധികൃതര്‍ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും സഹോദരി ഷൈമ ഇതിനെതിരെ രംഗത്തുവന്നിരുന്നു. സ്വതന്ത്രമായി ചലിക്കാനോ ഭക്ഷണം കഴിക്കാനോ ഇമാന് സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കബളിപ്പിക്കുകയാണെന്നും ഷൈമ കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇമാനെ ചികിത്സിച്ചിരുന്ന 12 ഡോക്ടര്‍മാര്‍ ഇന്നലെ രാജിവെച്ചിരുന്നു.

eman-ahmed
അബുദാബിയിലെ വി.പി.എസ് ഹെല്‍ത്ത് കെയര്‍ അധികൃതര്‍ നേരത്തെ ഇമാന് ചികിത്സ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അന്ന് മുംബൈയിലെ ചികിത്സ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ചികിത്സ അബുദാബിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നാണ് ബന്ധുക്കളുടെ നിലപാട്. അബുദാബിയില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ മുംബൈയിലെ ആസ്പത്രിയിലെത്തി ഇമാനെ പരിശോധിച്ചതായാണ് വിവരം. ഇമാന്റെ ശരീരഭാരം 171 കിലോഗ്രാമിലെത്തിയിട്ടുണ്ടെന്നും നേരത്തെയുണ്ടായ പക്ഷാഘാതത്തിനാണ് ഇനി ചികിത്സ നല്‍കേണ്ടതെന്നുമാണ് മുംബൈ ആസ്പത്രിയിലെ ബാരിയാട്രിക് വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്.