ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍. കശ്മീരിലെ ജനങ്ങള്‍ ഏറെക്കാലമായി ദുരിതമനുഭവിക്കുകയാണ്. ഒരു മേശക്ക് ചുറ്റുമിരുന്ന് കശ്മീര്‍ പ്രശ്‌നം നമുക്ക് പരിഹരിക്കണം. ഇന്ത്യന്‍ ഭരണകൂടം തയ്യാറാണെങ്കില്‍ ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം നമുക്ക് പരിഹരിക്കാം. അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് തന്നെ ഗുണകരമായിരിക്കുമെന്നും പൊതുതെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുമായി നല്ല ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. തന്റെ വിജയം പാക്കിസ്ഥാന്റെ പുതുയുഗപ്പിറവിയാണ്. 22 വര്‍ഷം മുമ്പുള്ള തന്റെ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അവസരം നല്‍കിയതിന് പാക് ജനതയോട് നന്ദിയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.