ലക്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാനത്ത് നടത്തിയ ഗുണ്ടാ വേട്ടയില്‍ രണ്ട് കൊടും കുറ്റവാളികള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേരെ കീഴ്‌പ്പെടുത്തി. ഗുണ്ടാ ആക്റ്റിന്റെ ഭാഗമായാണ് പൊലീസ് ഗുണ്ടാവേട്ടയ്ക്കിറങ്ങിയത്. ശ്രാവണ്‍ ചൗധരി, അഹ്‌സാന്‍ എന്നീ ഗുണ്ടാതലവന്മാരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
നോയിഡയില്‍ വച്ചു നടന്ന ഏറ്റുമുട്ടലിലാണ് ചൗധരി കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നു എകെ 47 തോക്കുകളും കണ്ടെടുത്തു. സഹാരണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിലാണ് അഹ്‌സാന്‍ കൊല്ലപ്പെട്ടത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അഹ്്‌സാനെ വളയുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ച് പണവുമായി രക്ഷപെടുന്നതിനിടെ അഹ്‌സാന്‍ പൊലീസിന്റെ മുന്നില്‍ അകപ്പെട്ടു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇരുവര്‍ക്കുമെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് കേസില്‍ അഹ്‌സാനെ പൊലീസ് തിരഞ്ഞു വരികയായിരുന്നു. വെടിയേറ്റ അഹ്‌സാനെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇയാളില്‍ നിന്ന് തോക്കും പിടിച്ചെടുത്തു. വെടിവയ്പ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കും ഗുണ്ടാ സംഘത്തില്‍പെട്ട അഞ്ച് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.
ദാദ്രിയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകളെ വെടിവച്ചു വീഴ്ത്തി. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. മുസാഫര്‍നഗറില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ക്രിമിനല്‍ സംഘാങ്ങളായ റാവീസ്, ജാവേദ് എന്നിവരെ പൊലീസ് വെടിവച്ചു വീഴ്ത്തി. റാവീസിന് 10 ക്രിമിനല്‍ കേസുകളും ജാവേദിന് കൊലക്ക്‌സേ ഉള്‍പ്പെടെ ആറ് കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഷോവീര്‍ നഗറില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ മാസവും ഉത്തര്‍പ്രദേശ് പൊലീസ് ഇത്തരത്തില്‍ ഗുണ്ടാ വേട്ട നടത്തിയിരുന്നു. 48 മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ ഒരാള്‍ കൊല്ലപ്പെടുകയും പിടികിട്ടാ പുള്ളികളായ 24 കുറ്റവാളികളെ പിടികൂടുകയും ചെയ്തിരുന്നു. 10 ജില്ലകളിലായി 15 പൊലീസ് ഇന്‍കൗണ്ടേഴ്‌സ് ആണ് അന്ന് നടന്നത്. ജനുവരിയില്‍ നടത്തിയ മറ്റൊരു ഗുണ്ടാവേട്ടയില്‍ 31 പേരെയാണ് വെടിവച്ചിട്ടത്.