അഡലൈഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 36 റണ്‍സിന് ‘ആള്‍ ഔട്ട്’! ടീം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്‌കോറും നാണക്കേടിന്റെ റെക്കോര്‍ഡുമാണ് വിരാട് കോലിയുടെ സംഘം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല.

എട്ടു റണ്‍സ് മാത്രം വിട്ടു കൊടുത്ത് അഞ്ചു വിക്കറ്റെടുത്ത ജോഷ് ഹാസല്‍വുഡും നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ഇനി ഓസീസിന് ജയിക്കാന്‍ വേണ്ടത് 90 റണ്‍സ് മാത്രം. 21.2 ഓവറിലാണ് എല്ലാ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും സ്‌കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്ന വിധം കൂടാരം കയറിയത്. പത്താമനായി എത്തിയ ഷമി പരിക്കേറ്റ് പുറത്തുപോകുകയായിരുന്നു.

മായങ്ക് അഗര്‍വാളും നൈറ്റ് വാച്ച്മാന്‍ ജസ്പ്രീത് ബുംറയുമാണ് മൂന്നാം ദിനം രാവിലെ കളത്തിലെത്തിയത്. ആദ്യ ഓവര്‍ എറിയാന്‍ എത്തിയ മിച്ചല്‍ സ്റ്റാര്‍കിന്റെ നാലാം പന്ത് തന്നെ ബൗണ്ടറിയിലെത്തിച്ച മായങ്ക് മികച്ച ഫോമിലെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പാറ്റ് കമ്മിന്‍സ് ബുംറയെ പുറത്താക്കി. സ്‌കോര്‍ ബോര്‍ഡ് രണ്ടിന് 15 റണ്‍സ്.

സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ഒന്നും ചേര്‍ക്കാതെ പുജാര വന്നതും പോയതും ഒരുമിച്ച്. കുമ്മിന്‍സിന് പകരമെത്തിച്ച ഹാസല്‍വുഡ് ആദ്യ പന്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ചു. സ്‌കോര്‍ ബോര്‍ഡ് 15ല്‍ നില്‍ക്കെ മായങ്ക് അവഗര്‍വാള്‍ (9) പൈനെയുടെ കൈയില്‍. സ്‌കോര്‍ 15/4. കോപ്പിബുക്ക് ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെയ്ക്കും പുജാരയുടെ ഗതി. വിക്കറ്റ് ഹാസല്‍വുഡിന് തന്നെ. സ്‌കോര്‍ബോര്‍ഡില്‍ അപ്പോഴും 15 റണ്‍സ്. വീണത് നാലു വിക്കറ്റ്.

തൊട്ടടുത്ത ഊഴും കമ്മിന്‍സിന്റേതായിരുന്നു. ഇത്തവണ വീണത് ബിഗ് വിക്കറ്റ്. സാക്ഷാല്‍ വിരാട് കോലി. സ്‌കോര്‍ബോര്‍ഡിലേക്ക് നാലു റണ്‍മാത്രമേ വിരാടിന് ചേര്‍ക്കാനായുള്ളൂ. ആദ്യ ആറു വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ആകെ 19 റണ്‍സ്!

സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സ് ആകവെ വൃദ്ധിമാന്‍ സാഹ (4) ഹാസല്‍വുഡിന് മുമ്പില്‍ വീണു. അശ്വിന്‍ വന്നതും പോയതും ഒരുമിച്ച്. വിക്കറ്റിന് പിന്നില്‍ പൈനെയ്ക്ക് ക്യാച്ച്. 21-ാം ഓവറില്‍ വീണ്ടും ഹാസല്‍വുഡ്. ഇത്തവണ പുറത്തായത് ഹനുമാ വിഹാരി. ക്യാച്ച് വീണ്ടും പൈനെയ്ക്ക്. സ്‌കോര്‍ 31. കമ്മിന്‍സിന്റെ ബൗണ്‍സറില്‍ ഷമി പരിക്കേറ്റ് പുറത്തുപോയതോടെ 21.2 ഓവറില്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി. സ്‌കോര്‍ ബോര്‍ഡില്‍ ടീം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോര്‍- 36.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 244ന് എതിരെ ഓസീസിന് 191 റണ്‍സ് മാത്രമാണ് നേടാന്‍ ആയിരുന്നത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.