ന്യൂഡല്‍ഹി: മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ അപകടകരമായ സ്ഥലമായി മാറിയെന്ന് ദക്ഷിണേഷ്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ട്. വിയോജിക്കുന്നവര്‍ക്കു നേരെ അങ്ങേയറ്റത്തെ അസഹിഷ്ണുത കാണിക്കുന്ന രാജ്യമായി മോദി സര്‍ക്കാറിന് കീഴില്‍ ഇന്ത്യ മാറിയെന്നും സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ചാണ് പഠന റിപ്പോര്‍ട്ടിലുള്ളത്.

സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള നിയമം മുസ്‌ലിംകളെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരുന്നത്.

സിഎഎ വിരുദ്ധ സമരത്തിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഇരകളാക്കപ്പെട്ടതും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരായിരുന്നു. കോവിഡ് മഹാമാരിയുടെ തുടക്ക കാലത്ത് തബ്‌ലീഗ് ജമാഅത്തിനെതിരെയും ഇസ്‌ലാംഭീതി നിറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.

സര്‍ക്കാറിന്റെ ഭൂരിപക്ഷത്വത്തിന് എതിരെ പ്രതികരിക്കുന്ന അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കടുത്ത അക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി കലാപത്തില്‍ രണ്ട് മലയാളം മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.