ഇസ്‌ലാമാബാദ്: പാകിസ്താനില്‍ നടക്കുന്ന സാര്‍ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം ഇന്ത്യ നിരസിച്ചു.
പാകിസ്താന്റെ ഭീകര പ്രവര്‍ത്തനങ്ങളും സമാധാന ചര്‍ച്ചകളും ഒന്നിച്ചു പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യ വര്‍ഷങ്ങളായി ഉന്നയിക്കുന്ന കര്‍താര്‍പുര്‍ ഇടനാഴി പദ്ധതിക്കുറിച്ച് ഇനി പാകിസ്താനുമായി ചര്‍ച്ചകളൊന്നും ആരംഭിക്കില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
സാര്‍ക് ഉച്ചകോടിക്കായി കഴിഞ്ഞ ദിവസമാണ് മോദിയെ പാകിസ്താനിലേക്ക് ക്ഷണിച്ചത്. പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസലായിരുന്നു ഇക്കാര്യമറിയിച്ചത്. 2016ലും പാകിസ്താനില്‍ നടത്താനിരുന്ന സാര്‍ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അന്നത്തെ സാര്‍ക് ഉച്ചകോടി റദ്ദാക്കിയിരുന്നു.