ലഖ്‌നൗ: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒമ്പതും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാത്രസിലാണ് സംഭവം. പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്തി. ആവശ്യമായ തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

19 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഹാത്രസ് രണ്ടാഴ്ച മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പിഞ്ചു ബാലികക്കെതിരെ പീഡനം നടന്നിരിക്കുന്നത്.

യോഗി സര്‍ക്കാര്‍ വന്നതിന് ശേഷം ഉത്തര്‍പ്രദേശില്‍ സമാധാനാന്തരീക്ഷം സൃഷ്ടിച്ചെന്നും ക്രിമിനലുകളെ ഒതുക്കിയെന്നുമാണ് ബിജെപി കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണം. എന്നാല്‍ എല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് തുടര്‍ച്ചയായി നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍. ഹാത്രസിലെ പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ യുപി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.