X

ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ- പാക്ക് പോരാട്ടം

മെല്‍ബണ്‍: ഇന്ന് ഉച്ചക്ക് 1-30 ന് ഇന്ത്യയും പാക്കിസ്താനും. സമീപകാലത്ത് അയല്‍ക്കാര്‍ പലവട്ടം മുഖാമുഖം വന്നു. ഏറ്റവുമൊടുവില്‍ ഏഷ്യാ കപ്പില്‍. ആദ്യ മല്‍സരത്തില്‍ ഇന്ത്യ സുന്ദരമായി ജയിച്ചു. സൂപ്പര്‍ ഫോറില്‍ പാക്കിസ്താന്‍ പകരം വീട്ടി. ഇന്ന് പുതിയ ഫോര്‍മാറ്റില്‍ മഴ മേഘങ്ങള്‍ക്ക് കീഴില്‍ അയല്‍ക്കാര്‍ വീണ്ടും നേര്‍ക്കുനേര്‍. കളിക്ക് മുമ്പ് തന്നെ പ്രശ്‌നം കാലാവസ്ഥയാണ്. നല്ല മഴ…അതായത് മഴ മേഘങ്ങള്‍ ആകാശത്തിന് ചുറ്റുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മല്‍സരത്തിന് റിസര്‍വ് ദിനവുമില്ല. റിസല്‍ട്ട് വേണമെങ്കില്‍ അഞ്ച് ഓവറെങ്കിലും രണ്ട് ടീമുകളും കളിച്ചിരിക്കണം. പക്ഷേ അതിന് പോലും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും ഇവിടെ മഴ പെയ്ത സാഹചര്യത്തില്‍ മെല്‍ബണിലെ ഗ്യാലറി നിറയാന്‍ പോലും സാധ്യത കുറവാണ്.

കളി നടന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് തോല്‍വി സഹിക്കാനാവില്ല. ഒരു പക്ഷേ അദ്ദേഹത്തിനും വിരാത് കോലിക്കുമെല്ലാം ഇത് അവസാന ടി-20 ലോകകപ്പായിരിക്കും. 2007 ലെ പ്രഥമ ടി-20 ലോകകപ്പ് മഹേന്ദ്രസിംഗ് ധോണിയുടെ മജീഷ്യന്മാര്‍ സ്വന്തമാക്കിയതിന് ശേഷം ഇന്ത്യക്ക് ഈ കിരീടം കിട്ടാക്കനിയാണ്. രോഹിതിന്റെ വലിയ ലക്ഷ്യങ്ങളില്‍ പാക്കിസ്താനെതിരെ ജയം മാത്രമല്ല കിരീടം തന്നെ സ്വന്തമാക്കണം. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരം തന്നെ പ്രബലരായ പ്രതിയോഗികള്‍ക്കെതിരെയാവുമ്പോള്‍ ഒരുങ്ങാന്‍ സമയം കിട്ടിയില്ല എന്ന പതിവ് ഒഴിവ് കഴിവ് പറയാന്‍ അവസരമുണ്ടാവാറുണ്ട്. പക്ഷേ ഇത്തവണ അതിന് സാധ്യതയില്ല. 20 ദിവസങ്ങള്‍ക്ക്് മുമ്പ് തന്നെ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. നാല് സന്നാഹ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓസീസ് കാലാവസ്ഥയെ അടുത്തറിഞ്ഞിട്ടുമുണ്ട്. രോഹിത് തന്നെ അത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോള്‍ പലപ്പോഴും ടീമിന്റെ പ്രശ്‌നം കാലാവസ്ഥയുമായി പരിചയപ്പെടലാണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യുസിലന്‍ഡ് എന്നിവിടങ്ങളില്‍ കളിക്കുമ്പോള്‍ ഇത് ബാധിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ സമയം കിട്ടി. പെര്‍ത്തില്‍ ഒമ്പത് ദിവസം തങ്ങി. ഇത് നല്ല ഒരുക്കമായിരുന്നു. അവിടെ നിന്നാണ് ബ്രിസ്‌ബെനിലേക്ക് പോയത്. നേരത്തെയുളള വരവ് മല്‍സരത്തില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനും വിട്ടുവീഴ്ച്ചക്കില്ലെന്ന് വ്യക്തമാക്കുന്നു. ബബര്‍ അസമിന്റെ സംഘം സമീപകാലത്ത് മികച്ച ഫോമിലാണ്. ഷഹീന്‍ഷാ അഫ്രീദി എന്ന സീമര്‍ പരുക്കില്‍ നിന്ന് മുക്തനായി വന്നിട്ടുണ്ട്.

web desk 3: