ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തില്‍ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ പതിനായിരത്തോളം പുതിയ കോവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത്. 55,079 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നത്. പ്രതിദിന മരണസംഖ്യയിലും വന്‍വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആയിരത്തിലധികം കൊവിഡ് മരങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,092 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 52,889 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നത്. 1.91 ശതമാനമാണ് കോവിഡ് മരണനിരക്ക്.

ആകെ രോഗികളുടെ എണ്ണം 27,67,274 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 6,76,514 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 20,37,871 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.64 ശതമാനമായി വര്‍ധിച്ചു.

രാജ്യത്ത് കൊവിഡ് പരിശോധനയിൽ ദിനംപ്രതി വർധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,01,518 സാമ്പിളുകളാണ് പരിശോധിച്ചത്. ചൊവ്വാഴ്ചത്തെ 8,01,518 പരിശോധന ഉള്‍പ്പെടെ 3,17,42,782 സാമ്പിളുകള്‍ രാജ്യത്ത് നടന്നതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ അറിയിച്ചു.

കൊവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവ് രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 6,15,477 ആയി. 20,687 പേര്‍ ഇതുവരെ മരിച്ചു. തമിഴ്‌നാട്ടില്‍ 3.49 ലക്ഷം പേര്‍ക്കും ആന്ധ്രയില്‍ 3.06 ലക്ഷം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.