ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 187 റണ്‍സിന് ഇന്ത്യ പുറത്ത്. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നിന് ആറ് റണ്‍സ് എന്ന നിലയിലാണ്.
ടീമില്‍ രണ്ടു മാറ്റങ്ങളുമായി ക്രീസിലിറങ്ങിയ ഇന്ത്യന്‍ നിരയില്‍ അശ്വിനും രോഹിത് ശര്‍മക്കും പകരം ഭുവനേശ്വര്‍ കുമാറും അജിന്‍ക്യ രഹാനെയുമാണ് കളത്തിലിറങ്ങിയത്.
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രമാണ് പുറത്തായത്. എട്ടു പന്തില്‍ രണ്ടു റണ്‍സെടുത്ത എയ്ഡനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്.
തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യക്ക് അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയുമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.