ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി സഹീര്‍ ഖാനെ നിയമിച്ചതില്‍ നീരസം പ്രകടിപ്പിച്ച് മുഖ്യ പരിശീലകന്‍ രവിശാസ്ത്രി. സഹീര്‍ ഖാന്‍ ടീമിനൊപ്പം ഉണ്ടെങ്കിലും ഭരത് അരുണിനെ ബൗളിങ് കോച്ചായി വേണമെന്നാണ് ശാസ്ത്രിയുടെ ആവശ്യം.

രാഹുല്‍ ദ്രാവിഡിനെ പോലെ ടീമിന്റെ കണ്‍സള്‍ട്ടന്റ് ആയാണ് സഹീറിനെ നിയമിച്ചതെങ്കില്‍ പോലും ശാസ്ത്രിയുടെ ചോയ്‌സ് അരുണ്‍ ആണ്. എന്നാല്‍ സഹീറിനെ കോച്ചായി നിയമിച്ച സമയത്ത് ശാസ്ത്രിയെ വിശ്വാസത്തിലെടുക്കാന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി തയാറായിരുന്നില്ല. ഫുള്‍ടൈം ബൗളിങ് കോച്ച് ടീമിനൊപ്പം വര്‍ഷം 250 ദിവസം ഉണ്ടാകുമെങ്കിലും സഹീര്‍ ഖാന്‍ 100 ദിവസത്തില്‍ കൂടുതല്‍ ടീമിനൊപ്പം ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

ഇതോടൊപ്പം സഹീറിന്റെ ശമ്പള പാക്കേജ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. നേരത്തെ കോച്ചായി നിയമിക്കും മുമ്പ് ശാസ്ത്രിയോട് ബൗളിങ് കോച്ചായി ആരെ വേണമെന്ന ചോദ്യത്തിന് അദ്ദേഹം അരുണ്‍ എന്ന മറുപടിയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ഉപദേശക സമിതിയിലെ ഒരു അംഗം ഇതിനെ ശക്തമായി എതിര്‍ത്തതോടെ ഓസീസ് മുന്‍ താരം ജേസണ്‍ ഗില്ലസ്പിയെ വേണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച ബൗളിങ് കോച്ചായി അറിയപ്പെടുന്ന ഗില്ലസ്പി പപ്പുവ ന്യൂഗിനിയയുമായി കരാറിലെത്തിയതിനാല്‍ അദ്ദേഹത്തെ ഇന്ത്യക്കു ലഭിക്കില്ലെന്നത് ശാസ്ത്രിക്കു വ്യക്തമായി അറിയാവുന്നതാണ്.

അതേ സമയം വെങ്കടേശ് പ്രസാദിനെ ബൗളിങ് കോച്ചായി നല്‍കാമെന്ന് ബി.സി.സി.ഐ അറിയിച്ചെങ്കിലും അരുണില്‍ കുറഞ്ഞ മറ്റാരും വേണ്ടെന്നായിരുന്നു ശാസ്ത്രിയുടെ നിലപാട്. പോസ് ബൗളര്‍മാരെ മീഡിയം പേസര്‍മാരുടെ ലൈനിലും ലങ്തിലും എറിയാന്‍ പ്രേരിപ്പിച്ചു എന്ന് നേരത്തെ ടീമിനൊപ്പമുണ്ടായിരുന്ന സമയത്ത് പ്രസാദിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ബി. സി.സി.ഐയിലെ വിശ്വസ്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് ശാസ്ത്രി ശനിയാഴ്്ച ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റേഴ്‌സുമായി (സി.ഒ.എ) കൂടിക്കാഴ്ച നടത്തും. രവി ശാസ്ത്രിക്ക് സഹീറിനോട് എല്ലാ ആദരവും ഉണ്ട്. എന്നാല്‍ ഒരു മുഴുസമയ ബൗളിങ് പരിശീലകന്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ വാദം. സഹീര്‍ ബൗളര്‍മാര്‍ക്കു വേണ്ടിയുള്ള ഒരു റോഡ് മാപ് തയാറാക്കട്ടെ അത് നടപ്പിലാക്കുക അരുണായിരിക്കുമെന്നാണ് ശാസ്ത്രി പറയുന്നത്.

ശ്രീലങ്കന്‍ ടൂറിനായി ടീം പുറപ്പെടുമ്പോള്‍ ടീമിനൊപ്പം അരുണ്‍ വേണമെന്ന് ശാസ്ത്രി സി.ഒ.എയെ അറിയിക്കുമെന്നും ബി. സി. സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അരുണിനെ ടീമിനൊപ്പം ചേര്‍ക്കാന്‍ സാധിച്ചാല്‍ പരിശീലക സ്ഥാനത്തേക്ക് തന്നെ എതിര്‍ത്ത ഉപദേശക സമിതി അധ്യക്ഷന്‍ സൗരവ് ഗാംഗുലിയോടുള്ള ശാസ്ത്രിയുടെ മധുര പ്രതികാരം കൂടിയാവും ഇത്.

2014 വരെ ടീമിനൊപ്പമുണ്ടായിരുന്ന ജോ ഡേവിസിനെ മാറ്റിയാണ് അരുണിനെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ത്തിരുന്നത്. 2016വരെ അദ്ദേഹം ടീമിനൊപ്പം തുടരുകയും ചെയ്തു. അണ്ടര്‍ 19 ടീമില്‍ ശാസ്ത്രിക്കൊപ്പം കളിച്ചിട്ടുള്ള അരുണിന് പ്ലേയിങ് കരിയര്‍ കാര്യമായും അവകാശപ്പെടാനില്ലെങ്കിലും മികച്ച അക്കാദമി കോച്ചായാണ് അറിയപ്പെടുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ബൗളിങ് ഉപദേശകനായിരുന്ന അരുണിനെ ശാസ്ത്രിയുടെ ശിപാര്‍ശ അനുസരിച്ചാണ് നേരത്തെ ദേശീയ ടീമിനൊപ്പം നിയമിച്ചിരുന്നത്.