ദിബിന്‍ ഗോപന്‍

ഇന്ത്യയില്‍ വളര്‍ച്ചയുടെ പാതയിലാണ് കാല്‍പന്ത് കളി. 1950-60 കാലഘട്ടമായിരുന്നു ഇന്ത്യയിലെ കാല്‍പന്ത് കളിയുടെ സുവര്‍ണകാലഘട്ടം. 1950 ലെ ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും പലകാരണങ്ങളാല്‍ കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ഇന്ത്യയില്‍ കാല്‍പന്ത് കളി നാശത്തിന്റെ പാതയിലേക്ക് വഴിമാറുകയായിരുന്നു. 1970-2000 വരെ അതായത് നീണ്ട മുപ്പത് വര്‍ഷം ഇന്ത്യയില്‍ കാല്‍പന്ത് കളി കൂട്ടിലടച്ച കടുവയെ പോലെയായിരുന്നു. 2000 മുതല്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങിയെങ്കിലും ഇന്ന് കാണുന്ന മാറ്റത്തിലേക്കെത്തിയത് 2013 ന് ശേഷമാണ്.

ഐഎസ്എല്ലും ഇന്ത്യന്‍ ഫുട്‌ബോളും

2013 ല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖം തന്നെ മാറ്റി. ഇന്ത്യ എന്ന വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ് ജനത ഐഎസ്എല്ലിനെയും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു എന്ന് വേണം പറയാന്‍. അഞ്ചാം സീസണിലേക്ക് ലീഗ് കടക്കുമ്പോള്‍ ഇന്ത്യന്‍ ടീമും പ്രതീക്ഷയിലാണ്. സെപ്തംബര്‍ 5 ന് ആരംഭിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ തന്നെയാണ് അതിന് കാരണം.

മൈതാനത്തെ പന്ത്രണ്ടാമന്‍

കാല്‍പന്തിനെ ഇഷ്ടപ്പെടുന്നവനെ കാല്‍പന്ത് ഭ്രാന്തനെന്ന് വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുന്നത് അവര്‍ക്ക് ഇഷ്ടവുമാണ്. നിലവില്‍ ഇന്ത്യയില്‍ നിരവധി ക്ലബ്ബുകളുണ്ട് അവര്‍ക്കെല്ലാം ആരാധകരുമുണ്ട്. കേരളത്തിലെ ഐഎസ്എല്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴിന്റെ ഫാന്‍സ് കൂട്ടമായ മഞ്ഞപ്പട, 22 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് എത്തിച്ച ഗോകുലം കേരളയുടെ ഫാന്‍സ് കൂട്ടം മലബാറിയന്‍സ്. എന്ന് തുടങ്ങി കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധക കൂട്ടങ്ങള്‍.

ഇന്ത്യയിലെ ഫുട്‌ബോളിന്റെ അടിവേരുകള്‍

ബംഗാള്‍ ,കേരളം, ഗോവ എന്നീ പ്രദേശങ്ങള്‍ എന്നും ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്നു. മോഹന്‍ ബഗാനും ,ഈസ്റ്റ് ബംഗാളും, ഡെംബോ ഗോവയും, ചര്‍ച്ചില്‍ ബ്രദേസും എന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഭൂപടത്തില്‍ എഴുതിച്ചേര്‍ത്തിയത് ചരിത്രമായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി

ഖത്തര്‍ ലോകകപ്പ് നേടും എന്ന അമിത ആഗ്രഹമൊന്നും ഇല്ലെങ്കിലും ഖത്തര്‍ ലോകകപ്പ് കളിക്കാനുള്ള അവസരം നേടിയെടുക്കാനുള്ള ശക്തി നമ്മുടെ ടീമിന് തീര്‍ച്ചയായും ഉണ്ട്. അണ്ടര്‍ 17,15,19 ടീമുകള്‍ നിലവില്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ കാണിക്കുന്ന പ്രകടനം ലോകകപ്പ് നേട്ടം അപ്രാപ്യമല്ല എന്ന് പ്രകടമാക്കുന്നതാണ്.