News

സാബി അലോണ്‍സോയ്ക്കെതിരെ പ്രതികരിച്ചതില്‍ വിനീഷ്യസ് മാപ്പ് ചോദിച്ചു

By webdesk18

October 29, 2025

മാഡ്രിഡ്: എല്‍ ക്ലാസിക്കോ മത്സരത്തിനിടെ കോച്ച് സാബി അലോണ്‍സോയ്ക്കെതിരെ പ്രകടിപ്പിച്ച പ്രതിഷേധത്തിന് മാപ്പ് പറഞ്ഞു റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. ഒക്ടോബര്‍ 26-ന് ബാഴ്സലോണയ്ക്കെതിരെ നടന്ന ലാ ലിഗ മത്സരത്തില്‍ സബ് ചെയ്തതിനെതിരെ കോച്ചിനോട് പ്രകോപനത്തോടെ പ്രതികരിച്ചതിനുശേഷമാണ് താരം സമൂഹമാധ്യമങ്ങളില്‍ മാപ്പ് പ്രസിദ്ധീകരിച്ചത്.

‘എല്‍ ക്ലാസിക്കോയില്‍ പകരക്കാരനായി പിന്‍വലിച്ചതിന് ശേഷമുണ്ടായ എന്റെ പ്രതികരണത്തിന് എല്ലാ റയല്‍ മാഡ്രിഡ് ആരാധകരോടും മാപ്പ് പറയുന്നു. ഇന്നത്തെ പരിശീലനത്തിനിടെ സഹതാരങ്ങളോടും ക്ലബ്ബിനോടും പ്രസിഡന്റിനോടും നേരിട്ട് ക്ഷമ ചോദിച്ചതുപോലെ, വീണ്ടും എല്ലാവരോടും മാപ്പ് പറയുന്നു,’ വിനീഷ്യസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

‘പാഷന്‍ ചിലപ്പോഴൊക്കെ എന്നെ വികാരാധീനനാക്കാറുണ്ട്. കാരണം, ഞാന്‍ എപ്പോഴും വിജയിക്കാനും എന്റെ ടീമിന് മികച്ചത് ചെയ്യാനും ആഗ്രഹിക്കുന്നു. എന്റെ മത്സ്യവൃത്തി ഈ ക്ലബ്ബിനോടുള്ള സ്നേഹത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. റയല്‍ മാഡ്രിഡിന്റെ നന്മയ്ക്കായി ഓരോ നിമിഷവും പോരാടുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു’ തന്റെ വികാരാധീനതയെക്കുറിച്ചും താരം തുറന്നുപറഞ്ഞു.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മികച്ച ഫോമിലായിരുന്ന വിനീഷ്യസിനെ 72-ാം മിനിറ്റില്‍ കോച്ച് സാബി പിന്‍വലിച്ചത് താരത്തെ അസ്വസ്ഥനാക്കിയിരുന്നു. പകരം റോഡ്രിഗോയെ ഇറക്കിയ തീരുമാനം താരം വിശ്വസിക്കാനാവാതെ പ്രകടിപ്പിച്ച വികാരപ്രകടനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

മത്സരത്തിന് ശേഷം വിനീഷ്യസും കോച്ച് സാബിയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ശക്തമായ സാഹചര്യത്തിലാണ് താരത്തിന്റെ മാപ്പ് പ്രസ്താവന പുറത്തുവന്നത്.