ഏഷ്യന്‍ കപ്പിലേറ്റ മുറിവ് ഉണക്കാന്‍ ഇറങ്ങിയ തായ്‌ലാന്റിന് വീണ്ടും തോല്‍വി രുചിക്കേണ്ടി വന്നു. കിങ്‌സ് കപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തായ്‌ലാന്റിനെ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി 17 ാം മിനിറ്റില്‍ അനിരുധ് താപയാണ് ഗോള്‍ നേടിയത്. ആദില്‍ ഖാന്‍ നല്‍കിയ പാസ് താപ അനായാസമായി ഗോളാക്കി മാറ്റുകയായിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് കോച്ച് സ്റ്റിമാക്ക് ആദ്യ ഇലവനെ കളത്തിലിറക്കിയത്. സുനില്‍ ചേത്രി, ഉദാത്ത എന്നീ മുതിര്‍ന്ന താരങ്ങള്‍ക്ക് കോച്ച് വിശ്രമം നല്‍കി. മലയാളി സാനിധ്യമായ സഹല്‍ രണ്ടാം പരുതിയ്ക്ക് ശേഷമാണ് കളത്തിലിറങ്ങിയത്. കുറാക്കോയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ സഹല്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു. നിരവധി അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല.