ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയുള്ള അന്തിമ കരട് രേഖ പുറത്തിറക്കിയതിന് പിറകെ രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയ റോഹിംഗ്യന്‍ മുസ്്‌ലിംകളുടെ എണ്ണമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഇവരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മ്യാന്‍മറില്‍ ബുദ്ധ വിഭാഗക്കാരുടെ ആക്രമണത്തിന് ഇരയായി അവിടെ നിന്ന് പലായനം ചെയ്ത റോഹിംഗ്യകള്‍ ഇന്ത്യയടക്കമുള്ള മറ്റു പല നാടുകളിലും അഭയാര്‍ത്ഥികളായെത്തിയിരുന്നു.

എന്നാല്‍, റോഹിംഗ്യകളെ അനധികൃത കുടിയേറ്റക്കാരായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും അഭയാര്‍ത്ഥികളായി പരിഗണിക്കില്ലെന്നുമുള്ള നിലപാടില്‍ ബിജെപി സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. റോഹിംഗ്യന്‍ മുസ്്‌ലിം അഭയാര്‍ത്ഥികള്‍ രാജ്യത്ത് നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന വംശീയ ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തി.

അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തി സംരക്ഷണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോകസഭയില്‍ വ്യക്തമാക്കി. എണ്ണമെടുപ്പ് നടന്നതിന് ശേഷം ഇവരെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇവരുടെ എണ്ണമെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി വിദേശ കാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കും. ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാല്‍പതിനായിരത്തിലധികം റോഹിംഗ്യകള്‍ എത്തിച്ചേര്‍ന്നിട്ടുള്ളതായാണ് സര്‍ക്കാര്‍ കണക്കുകള്‍.

ഇവരെ രാജ്യത്തു നിന്നും പുറത്താക്കുമെന്ന കര്‍ശന നിലപാടാണ് ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. റോഹിംഗ്യകളെ തിരികെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ നിലപാട്. ഇതോടെ, ഇന്ത്യയില്‍ നിന്നും തിരിച്ചയയ്ക്കുമെന്ന് കരുതപ്പെടുന്ന ഇവര്‍ക്ക് മുന്നിലുള്ള എല്ലാ വഴികളും അടയും. സ്വന്തമായി നാടോ, പൗരത്വമോ അവകാശപ്പെടാനില്ലാത്ത എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട ഒരു ജനതയുടെ അതീവ ദാരുണമായ ചിത്രമാണ് റോഹിംഗ്യന്‍ മുസ്്‌ലിം അഭയാര്‍ത്ഥികള്‍. അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറം തള്ളുന്നവര്‍ക്ക് സമാന അനുഭവമായിരിക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.