ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു. സൈനികന്റെ ഭൗതിക ശരീരം ഭീകരര്‍ വികൃതമാക്കുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു. സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ടു ദിവസ്തിതനിടെ പാക് വെടിവെപ്പില്‍ വീരമൃത്യു വരിക്കുന്ന രണ്ടാമത്തെ സൈനികനാണിത്. അതേസമയം പുല്‍വാമ ജില്ലയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ഒരു സ്ത്രീയെ വെടിവെച്ചു കൊന്നു. 50 കാരിയായ ബീബ യൂസഫിനെയാണ് കൊലപ്പെടുത്തിയത്.
ഇന്ത്യയുടെ മിന്നലാക്രമണത്തിനു പിന്നാലെ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താന് കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി നല്‍കിയിരുന്നു. പാക് അതിര്‍ത്തി രക്ഷാസേനയിലെ 15 സൈനികരെ ബിഎസ്എഫ് കഴിഞ്ഞ ദിവസം വധിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വാദം തള്ളി പാകിസ്താന്‍ രംഗത്തെത്തി. ബിഎസ്എഫിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് വ്യക്തമാക്കി.