സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 375 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു.

സെഞ്ചുറി നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും കരുത്തിലാണ് ഓസിസ് കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്തത്. ഫിഞ്ച് 114 റണ്‍സെടുത്തപ്പോള്‍ 66 പന്തുകളില്‍ നിന്നും 105 റണ്‍സെടുത്ത സ്മിത്ത് പുറത്താവാതെ നിന്നു. ഫിഞ്ചും 76 പന്തുകളില്‍ നിന്നും 69 റണ്‍സെടുത്ത വാര്‍ണറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഓസിസിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 156 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ വാര്‍ണറെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്തും നന്നായി ബാറ്റ് ചെയ്തതോടെ ഓസ്ട്രേലിയന്‍ സ്‌കോര്‍ കുതിച്ചു. ഫിഞ്ചിനൊപ്പം ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് താരം കെട്ടിപ്പടുത്തു. 40-ാം ഓവറില്‍ ഫിഞ്ചിനെ പുറത്താക്കി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. തൊട്ടുപിന്നാലെ വന്ന സ്റ്റോയിനിസിനെ പൂജ്യനായി ചാഹല്‍ മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷകളുണര്‍ന്നു.

എന്നാല്‍ സ്റ്റോയിനിസ്സിന് ശേഷം ക്രീസിലെത്തിയ വെടിക്കെട്ട് താരം മാക്സ്വെല്‍ തലങ്ങും വിലങ്ങും ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതാരം 19 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്തു.