ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ജെടി 610 വിമാനം പറത്തിയിരുന്നത് ഇന്ത്യക്കാരനായ പൈലറ്റെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് വിമാനത്തിന്റെ പൈലറ്റായിരുന്നത്. 189 യാത്രക്കാരുമായാണ് വിമാനം ജക്കാര്‍ത്തയില്‍ നിന്നും പങ്കല്‍ പിനാഗിലേക്ക് പോയത്. 2011-ലാണ് ഭവ്യ ഇന്തോനേഷ്യയുടെ ലയണ്‍ എയറില്‍ പൈലറ്റായി ജോലിക്കു ചേര്‍ന്നത്.

വിമാനം പറന്നുയര്‍ന്ന് 13 മിനിറ്റിനുള്ളില്‍ കടലില്‍ പതിക്കുകയായിരുന്നു. പറന്നുയര്‍ന്ന് 13 മിനിറ്റിനുള്ളില്‍ തന്നെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഹര്‍വിനോ എന്ന പൈലറ്റായിരുന്നു ആയിരുന്നു വിമാനത്തിലെ സഹപൈലറ്റ്.

ബോയിംഗ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ സേനയും സെര്‍ച്ച് ആന്റ് റെസ്‌ക്യൂ വിഭാഗവും വിമാനം കടലില്‍ തകര്‍ന്നു വീണെന്ന വിവരം സ്ഥിരീകരിച്ചിരുന്നു.