മുംബൈ: ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ഖി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സജ്ഞീവ് ഖന്ന എന്നിവര്‍ക്കെതിരെ പ്രത്യേക സിബിഐ കോടതി കൊലക്കുറ്റം ചുമത്തി. ഇവക്കുപുറമെ മൂവര്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസിലെ വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് കേസ് പരിഗണിച്ച എച്ച്.എസ് മഹാജന്‍ പറഞ്ഞു. മൂവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അതേസമയം ഷീനയുടെ സഹോദരന്‍ മിഖേല്‍ ബോറയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ദ്രാണിക്കും സഞ്ജീവിനുമെതിരെ വധശ്രമത്തിനും ക്രമിനില്‍ ഗൂഢാലോചനക്കും കേസെടുത്തിട്ടുണ്ട്.